![]() |
| Illustration by Abhilash N |
'ന്നാലും ന്റെ ജലീലേ',..............
പ്രത്യേകിച്ചും 'ന്റെ ജലീലേ'....
ഇന്നും എന്റെ കാതിലോ മനസ്സിലോ എവിടെയോ നേര്‍ത്ത ഒരു നൊമ്പരമായി അതിങ്ങനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്.
ഉമ്മുക്കുല്‍സു.
എടവപ്പാതി കഴിഞ്ഞ് സ്ക്കൂള് തുറക്കുന്ന ജൂണ്‍ ഒന്നിന് തിമിര്‍ത്ത് പെയ്യുന്ന പേമാരിയില്‍ നെഞ്ചിന് കീഴെ അപ്പാടെ നനഞ്ഞ് കുതിര്‍ന്ന് ദേഹത്തോട് ഒട്ടിക്കിടക്കുന്ന മെറൂണ്‍ കളര്‍ പാവാടയും ക്രീം കുപ്പായവുമിട്ട് ക്ലാസ്സിലേക്ക് വെള്ളവുമൊലിപ്പിച്ച് കയറി വന്ന ആ പെണ്‍കുട്ടി ക്ലാസ്സ് തുടങ്ങി ഒന്നാമത്തെ പിരീഡ് കഴിഞ്ഞാണ് എത്തിയത്. നനഞ്ഞൊലിക്കുന്ന നീളന്‍ ശീലക്കുട എവിടെ വെക്കുമെന്ന അങ്കലാപ്പില്‍ വിഷണ്ണയായി നിന്ന അവളോട് സഹതാപം തോന്നി. വേഗം ചെന്ന് അവളോടൊരു ചിരി പാസ്സാക്കി കുട വാങ്ങി പുറത്ത് വരാന്തയില്‍ തുറന്നു വെച്ചു. എന്തോ വലിയ ഒരു കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ ഞാനവളെ നോക്കി. നന്ദി സൂചകമായി അവളൊന്നു പുഞ്ചിരിച്ചു.
'പേരെന്താ…'?.
'ഉമ്മുക്കുല്‍സു'.
'പെരെവ്ട്യാ'..?.
'മണ്ണാത്തിപ്പൊയില്‍'
'ഇജെജന്താ നേരം ബെഗ്ഗ്യേദ്'?.
'ബെര്ണ ബയ്ക്ക് പാടം മുയ്വം ബള്ളം നറഞ്ഞ്ട്ട് ബെരാം ബെയ്ക്ക്ണ് ല്ല’.
ശേഷം അവള് പെണ്‍കുട്ടികളിരിക്കുന്ന ഭാഗത്ത് ക്രീം കളറിലേക്ക് ലയിച്ചു ചേര്‍ന്നു.
'നാല് ബി' അതായിരുന്നു ഞങ്ങളുടെ ക്ലാസ്സ്.
രവീന്ദ്രന് മാഷാണ് ഞങ്ങളുടെ ക്ലാസ്സ് മാഷ്. അദ്ദേഹത്തിന് എന്നെ അറിയാം. 'മൂന്ന് ഡി' യില്‍ എന്നെ ലീഡറാക്കിയത് ആ മാഷാണ്. ഈ ക്ലാസ്സിലും അദ്ദേഹം എന്നെ ലീഡറാക്കി.
പുസ്തകവും, കുടയും, പെന്നും, പെന്‍സിലും, യൂണിഫോമും എല്ലാം പുത്തനായിരുന്ന ആ ദിവസത്തിനും വല്ലാത്ത ഒരു പുതുമ. രണ്ട് ദിവസം കഴിഞ്ഞ് ക്ലാസ്സില്‍ സെക്കന്റ് ലീഡറെ തെരഞ്ഞെടുത്തു. ഉമ്മുക്കുല്‍സു. പിന്നീട് ഞങ്ങളൊരുമിച്ചായിരുന്നു ബോര്‍ഡ് മായ്ച്ചതും, ക്ലാസ്സില്‍ അദ്ധ്യാപകരില്ലാത്തപ്പോള്‍ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതിയതും, കോമ്പോസിഷന്‍ ബുക്ക് സ്റ്റാഫ് റൂമില്ക്കൊണ്ട് വെയ്ക്കുന്നതും തിരികെക്കൊണ്ട് വരുന്നതും, അസംബ്ലിക്ക് പോകുമ്പോള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വരികളെ നയിക്കുന്നതും മാഷിന് ചൂരല്‍ എത്തിച്ചു കൊടുക്കുന്നതും പലതരം കളികള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതുമെല്ലാം....
വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഒരുപാട്. എല്ലാ ദിവസവും അവള് കൊണ്ടു വരുന്ന മള്ബറിക്കായയ്ക്ക് തുടുതുടുപ്പും കടും കളറും മധുരവും ഇരട്ടിയായിരുന്നു. ഞങ്ങള്‍ക്ക് വേറെയും കുറെ കൂട്ടുകാരെ കിട്ടി. അവള് കൊണ്ടു വരുന്ന മള്ബറിക്കായയും പഞ്ചസാരയും ഞങ്ങളെല്ലാം വീതിച്ചെടുത്തു. പിന്നെപ്പിന്നെ അവള് കൊണ്ടു വരുന്നത് എനിക്ക് മാത്രമായി. ആരും കാണാതെ അവളെന്റെ കൈയ്യിലേക്ക് നീട്ടും. എന്തോ കള്ളത്തരം കാണിക്കുന്നതു പോലെ. ഞാനത് വാങ്ങി കീശയിലിടും. പകരം ഞാനവള്‍ക്ക് നാണുവേട്ടന്റെ പീടികയില്‍ നിന്നും അരുള്‍ജ്യോതിയും കടിച്ചാപറിച്ചിയും കറുത്തച്ചാറും ഓറഞ്ച് മിഠായിയും ഓരോ ദിവസവും മാറി മാറി വാങ്ങിച്ചു കൊടുക്കും. അതിനുള്ള കാശിനു വേണ്ടി റബര്‍കുരുവും കശുവണ്ടിയും പെറുക്കി ശേഖരിച്ച് വില്‍ക്കും. കിട്ടുന്ന കാശ് ഉമ്മയുടെ മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടും. ഓരോ ദിവസവും അരയണ വീതം എടുത്ത് പോക്കറ്റിലിടും. അവധി ദിവസങ്ങള്‍ എന്റെ കുഞ്ഞു മനസ്സില്‍ വിങ്ങലായി മാറി.
ആരാന്റെ പറമ്പില്‍ കയറി ഒന്നും എടുക്കരുതെന്ന ഉമ്മയുടെ നിരന്തരമുള്ള ഉപദേശം ഞാന്‍ ചെവിക്കൊള്ളാതായി അവള്‍ക്ക് വേണ്ടി.
രാവുണ്ണി നായരുടെ തൊടിയിലെ ഞാവല്‍പ്പഴവും മായീന്‍ കുരിക്കളുടെ പറമ്പിലെ അരി നെല്ലിക്കയും വഴിയരികില്‍ കാണുന്ന മുള്ളന്‍ പഴവും അണ്ടിക്കുരുവും തുടങ്ങി തിന്നാവുന്ന എന്തെല്ലാം കിട്ടുമോ അതെല്ലാം കൊണ്ട് എന്റെ നിക്കറിന്റെ കീശ നിറയുമായിരുന്നു.
വല്ലപ്പോഴും കൊണ്ട് കൊടുക്കുന്ന ഞൊട്ടങ്ങയായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്. ഞൊട്ടങ്ങ കിട്ടുക വളരെ പ്രയാസമായിരുന്നു. വീടിനടുത്ത് ആ പ്രദേശത്തുള്ളവരെല്ലാം തൂറാന്‍ പോകുന്ന കുട്ടിമല എന്ന് കുന്നിന്റെ വടക്കേ അറ്റത്ത്-അവിടെ നിറയെ പൊന്തക്കാടുകളാണ്-അവയ്ക്ക് നടുവില്‍ കാരമുള്ളിന്റെ ഒരു പൊന്തയിലാണ് ഈ ഞൊട്ടങ്ങ പടര്‍ന്നിരിക്കുന്നത്. അങ്ങോട്ട് പോകാന്‍ എല്ലാവര്ക്കും പേടിയാണ്. കാരണം 'വള്ളിച്ചാതികള്' എന്ന് പറയുന്ന ഇഴ ജന്തുക്കള്‍ വിഹരിക്കുന്ന കേന്ദ്രമാണ്. ആ ഭാഗത്തേയ്ക്ക്; അതിന്റെ ഏഴയലത്തെങ്ങാനും പോയെന്നറിഞ്ഞാന് ഉമ്മയുടെ കൈയ്യില്‍ നിന്ന് കണക്കിന് കിട്ടും. അതു കൊണ്ട് ഞാന്‍ അങ്ങോട്ട് പോകാറില്ല. അവിടെപ്പോയി ഞൊട്ടങ്ങ പറിക്കുന്ന രണ്ടു പേരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഹരിദാസനും ഹുസൈനും. അവര്‍ക്ക് ഒന്നിനേയും പേടിയില്ലത്രേ. ഹുസൈനെ എനിക്കിഷ്ടമല്ല. അവനെന്നെ എപ്പോഴും വെറുതെ തല്ലുമായിരുന്നു. ഉമ്മുക്കുത്സുവിന് എല്ലാ ദിവസവും ഞൊട്ടങ്ങ കൊടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. വള്ളിച്ചാതികളെയും ഉമ്മയേയും പേടിക്കുന്നതു കൊണ്ട് എനിക്കത് സാധിക്കില്ല. ഒടുവില്‍ ഞാനൊരു വഴി കണ്ടെത്തി. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ 'സില്മ'- സ്കൂളു വിട്ടു വരുന്ന വഴിക്ക് മത്തായി സാറിന്റെ വീട്ടില്‍ നിന്നുപേക്ഷിച്ച ഒരു ഫ്യൂസായ ബള്‍ബിന്റെ മൂട് പൊട്ടിച്ച് വെള്ളം നിറച്ച് അതിനകത്ത് ഒരു കുഞ്ഞ് മീനിനെ പിടിച്ചിട്ട്, ഒരു കാര്‍ട്ടൂണ്‍ പെട്ടിയുടെ ഒരു ഭാഗം ചതുരത്തില്‍ വെട്ടിയെടുത്ത് അവിടെ പഴയ ഒരു വെള്ളത്തുണി വലിച്ച് കെട്ടി എതിര്‍വശത്ത് ബള്ബിന് കണക്കായ ദ്വാരമുണ്ടാക്കി ബള്‍ബ് അവിടെ പിടിപ്പിച്ച് ഇരുട്ടുമുറിയില്‍ ചുമരിലെ ദ്വാരത്തിനോട് ചേര്‍ത്തു വച്ച്, പുറത്തു നിന്നും കണ്ണാടിച്ചില്ല് കൊണ്ട് സൂര്യപ്രകാശം പ്രതിബിംബിപ്പിക്കുമ്പോള്‍ വെള്ളത്തുണിയില്‍ മീനിന്റെ വശ്യമായ ചലനങ്ങള്‍. ആബാലവൃദ്ധം അയല്‍ ബന്ധുജനങ്ങളും കൗതുകത്തോടെ നോക്കി നില്ക്കുന്ന എന്റെ പ്രിയപ്പെട്ട 'സില്മ' അതു ഞാന്‍ ഹരിദാസന് കൊടുത്തു. പകരം അവന് എന്നും എനിക്ക് ഞൊട്ടങ്ങ പറിച്ച് തരണം എന്ന് ഉടമ്പടി ചെയ്തു.
സ്ക്കൂളില്‍ ഉച്ചക്കഞ്ഞി കഴിഞ്ഞാല്‍ പാത്രം കഴുകുക എന്നത് വലിയ ഒരു കടമ്പയായിരുന്നു. കാരണം വെള്ളപൈപ്പുകള്‍ ആ സമയത്ത് തേനീച്ചക്കൂടു പോലെയാണ്. അവിടെ കൈയൂക്കുള്ളവന് കാര്യക്കാരന്‍. സ്വതവേ ദുര്‍ബ്ബലയായ അവള്‍ക്ക് വെള്ളം കിട്ടുക അപ്രാപ്യമാണ്. ഞാന്‍ തിക്കി തിരക്കി പാത്രം കഴുകിയ ശേഷം എന്റെ പാത്രത്തില്‍ അവള്‍ക്കും വെള്ളം എടുത്തു കൊടുക്കും. ഒരു ദിവസം ഞാന്‍ അവള്‍ക്ക് വേണ്ടി വെള്ളം എടുത്തു കൊണ്ടിരിക്കെ ഒരു തടിമാടന്‍ എന്റെ പാത്രം തട്ടി അവന്റെ പാത്രം വച്ചു. എനിക്ക് ദേഷ്യം വന്നു. ഞാനവന്റേയും പാത്രം തട്ടി. അത് തെറിച്ചു പോയി. അവന് കൈയ്യിലിരുന്ന പാത്രത്തിന്റെ അടപ്പു കൊണ്ട് എന്റെ തലയ്ക്കിട്ട് ഒറ്റയടി. ഞാന്‍ ബോധം കെട്ട് ചെളിയില്‍ വീണു. അങ്ങനെ ആദ്യമായി ഒരുത്തന്റെ കൈയ്യില്‍ നിന്ന് അടി വാങ്ങി അവള്‍ക്ക് വേണ്ടി. ആ സംഭവത്തിന് ശേഷം ഞങ്ങള്‍ കേശവന് നായരുടെ പാടത്തുള്ള ആനക്കുളത്തില് പോയിട്ടാണ് പാത്രം കഴുകിയിരുന്നത്. ഏഴ് ആനകള്‍ മേല്ക്കുമേല് നിന്നാലും മുങ്ങുന്ന അത്രയും വെള്ളമുണ്ടത്രേ ആ കുളത്തില്‍. അവളാണ് എന്നോട് പറഞ്ഞത്; എനിക്കറിയില്ലായിരുന്നു. ദിവസവുമുളള ഈ യാത്ര പിന്നീട് ഞങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ദിനചര്യയായി. പിന്നെപ്പിന്നെ ആ യാത്രകള്‍ കേവലം പാത്രം കഴുകുക എന്നുള്ളതില്‍ നിന്നു വ്യാപിച്ച് കോളാമ്പിപ്പൂ പറിക്കലും, വെള്ളത്തണ്ടൊടിക്കലും പാടത്തെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന കൊച്ചു പരലുകളെപ്പിടിക്കലുമൊക്കെയായി. കാണുന്നതെല്ലാം അവള്‍ക്ക് കൗതുകമായിരുന്നു. ആകാശത്തിന്റെ നീല നിറം, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിന്റെ പച്ചപ്പ്, പാടവരമ്പത്ത് മുറിഞ്ഞ് ഒഴുകുന്ന തെളിനീരിന്റെ ഒഴുക്ക്, നീണ്ടു കിടക്കുന്ന പാടവരമ്പിന്റെ ഇരുവശവും പടര്‍ന്നു കിടക്കുന്ന തൊട്ടാവാടിപ്പൂക്കള്‍, അവയില്‍ നിന്നും പറന്നുയരുന്ന കുഞ്ഞു പൂമ്പാറ്റകള്‍, സുര്യപ്രകാശം തട്ടിത്തിളങ്ങുന്ന പുല്ലിന് തുമ്പത്തെ കൊച്ചു കൊച്ചു വെള്ളത്തുളളികള്‍, കറുകപ്പുല്ലിന്റെ മണം, അവളുടെ കൗതുകത്തിന് പാത്രീഭവിക്കാത്തതായി ഒന്നുമില്ല. ദൂരെ കാണുന്ന കടും നീല നിറമുള്ള മലനിരകള്‍ എന്നും അവളെ അതിശയിപ്പിച്ചിരുന്നു. ആ മലയിലുള്ള മുഴുവന്‍ ജീവികളുടെയും പേര് അവള് പറയും കാണുന്നതിനെക്കുറിച്ചെല്ലാം എന്തെങ്കിലും കഥ പറയാനുണ്ടാവും അവള്‍ക്ക് എല്ലാം അവളുടെ ഉപ്പാപ്പ പറഞ്ഞുകൊടുക്കുന്നതാണത്രേ.
ചെറിയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, എന്നിട്ട് ഞാനീക്കഥ പെട്ടെന്ന് നിറുത്താം. ഒരു ദിവസം ഞങ്ങള്‍ ആണ്‍കുട്ടികള്‍ കെട്ടു പന്തു കളിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഏരിയയ്ക്ക് തൊട്ടടുത്തു തന്നെ ഉമ്മുക്കുല്‍സുവും കൂട്ടുകാരും കക്ക് കളിക്കുന്നു. പന്തുകളിയുടെ ആവേശം കരകവിഞ്ഞ് ഏരിയയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചു. പന്തിനു പിറകെ ഓടിയ ഒരു കൂട്ടര് കക്ക് കളിച്ചു കൊണ്ടിരുന്ന ഉമ്മുക്കുല്‍സുവിനെ തട്ടിത്തെറിപ്പിച്ചു. അവള് കമിഴ്ന്നടിച്ചു നിലത്തു വീണു . അവള് കരഞ്ഞു. എന്റെ കുഞ്ഞു മനസ്സൊന്നു പിടഞ്ഞു. ആ കശ്മലന്മാരെ ശകാരിച്ചു കൊണ്ട് കൂട്ടുകാരികള്‍ അവളെ എഴുന്നേല്പിച്ചു. ഈ സമയം എന്റെ അടുത്ത് നില്‍ക്കുകയായിരുന്ന അഭിലാഷ് എന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞു.
'എടാ..
ഞാന്‍ ഉമ്മുക്കുത്സൂന്റെ ശഡ്ഡി കണ്ട്….. പച്ചക്കളറ്'.
എനിക്ക് സഹിച്ചില്ല. എന്റെ മൂര്‍ദ്ധാവിലെ മുടി എഴുന്നേറ്റു നിന്നു. ഞാനവന്റെ നെഞ്ചിനിട്ടൊരു കുത്തു കൊടുത്തു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ അമ്പരപ്പില്‍ നിന്നു മുക്തനായ അഭിലാഷ് എന്റെ വയറ്റത്തു ചവിട്ടി. രണ്ടുപേരും പരസ്പരം കോളറിന് പിടിച്ച് ക്രൂരമായി നോക്കി. മണ്ണില്‍ക്കിടന്ന് ദീര്‍ഘനേരത്തെ മല്‍പ്പിടിത്തം അവ സാനിച്ചത് ഓടി വന്ന ഡ്രില്‍ മാഷിന്റെ 'ഡ്ഡാ' വിളിയോടെയായിരുന്നു. രണ്ടു പേരെയും ക്രോസ് വിസ്താരത്തിനായി ഹെഡ് മാഷിന്റെ മുമ്പാകെ ഹാജരാക്കി. പേടിച്ച് വിറച്ചിട്ടെന്റെ മുട്ടുകള്‍ തമ്മിലിടിക്കുന്നതിന്റെ ശബ്ദം അവിടെയുള്ള വരെല്ലാം കേട്ടിട്ടുണ്ടാവും. അഭിലാഷ് നിന്ന് കരയുന്നുണ്ടായിരുന്നു. എന്നേക്കാള്‍ നീളമുള്ള ഒരു ചൂരലും പിടിച്ചു കൊണ്ട് ഹെഡ് മാഷ് ഒന്നു മുരണ്ടു.
' എന്തിനാടാ തല്ല് കൂടിയത്…'?.
എന്റെ മനസ്സിലേക്ക് ഞങ്ങളുടെ അയല്പക്കത്തെ മീശക്കാരന് ചേട്ടന്റെ കാളക്കൂറ്റന് പാഞ്ഞു വന്നു. ആ കാളക്കൂറ്റന്റെ മുക്കറ പോലെ വീണ്ടും ഒരു മുഴക്കം കേട്ടു
'ചോദിച്ചത് കേട്ടില്ലേ'
തിരിച്ചൊന്നും പറയാന്‍ പറ്റുന്നില്ല, നാവു പൊങ്ങുന്നില്ല. രണ്ടു പേരോടും രണ്ടു കൈയ്യും നീട്ടാന്‍ പറഞ്ഞു. ആദ്യം അഭിലാഷിനെയാണ് അടിച്ചത്. അവന്റെ കരച്ചില് പൊടുന്നനെ നിലവിളിയായി. അടുത്തത് എന്റെ നേര്‍ക്ക്. എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. രണ്ടു കൈയ്യും നീട്ടിപ്പിടിച്ച് നില്‍ക്കുകയാണ്. ആ കാളക്കൂറ്റന് ചൂരല്‍ ആഞ്ഞു വീശി. ഞാന്‍ കൈ വലിച്ചു. ഹെഡ് മാഷിന്റെ കണ്ണില്‍ തീപ്പൊരി പാറുന്നത് ഞാന്‍ കണ്ടു. അയാളെന്റെ കൈയ്യില്‍പ്പിടിച്ച് തൂക്കിയെടുത്ത് ഒറ്റപ്പെട; ചന്തിക്ക്. അങ്ങനെ ഞാന്‍ ആദ്യമായി വഴക്കാളിയായി ഹെഡ്മാഷിന്റെ തല്ലു വാങ്ങി.
മഴക്കാലം കഴിഞ്ഞു ഓണവും ഓണപ്പരീക്ഷയും വന്നു പോയി. പാടങ്ങളെല്ലാം ഓന്തിനെപ്പോലെ നിറം മാറി മഞ്ഞയായി. ആനക്കുളത്തില് വെള്ളം കുറഞ്ഞു. അരക്കൊല്ലപ്പരീക്ഷ വന്നു. പരീക്ഷകളുടെ അവസാനദിവസം കുട്ടികളെല്ലാം അടുത്ത പത്തു ദിവസത്തെ അവധിയുടെ മാധുര്യമോര്‍ത്ത് തുള്ളിച്ചാടി എന്റേയും ഉമ്മുക്കുല്‍സുവിന്റെയും മനസ്സുകള്‍ മാത്രം നൊമ്പരം കൊണ്ടു. അടുത്ത പത്ത് ദിവസം..! അതോര്‍ത്ത് ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. എങ്കിലും ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചു. പത്ത് ദിവസം കഴിഞ്ഞ് വരുമ്പോള്‍ കൊണ്ട് വരാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അവള് പറഞ്ഞു. അവളും പലതും കൊണ്ടു വരാമെന്നേറ്റു. അവള് പറഞ്ഞതിലും കൂടുതല്‍ കൊണ്ടു കൊടുക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു
'ന്നാലും ന്റെ ജലീലേ, പത്തീസം അത്തറീം ദിവസെങ്ങനെ കാണാതെ…'
അവള് വിതുമ്പി. അവളുടെ കണ്ണീര് തുടച്ചുകൊണ്ട് ഞാനവളെ ആശ്വസിപ്പിച്ചു. വേദനയോടെ ഞങ്ങള്‍ പിരിഞ്ഞു.
അവധി തുടങ്ങിയ ഓരോ ദിവസവും കിട്ടുന്നതില്‍ നിന്നെല്ലാം നല്ലതെന്ന് തോന്നുന്നത് മുഴുന്‍ അവള്‍ക്ക് വേണ്ടി കരുതി വെച്ചു അയലത്തെ കുഞ്ഞിമ്മുവിന്റെ ബാപ്പ ദുബായിന്നും വന്നപ്പോ എനിക്ക് തന്ന ചിരിക്കുന്ന ബൊമ്മക്കുട്ടി, അതവള്ക്കുള്ളതാണെന്നതില് സംശയമേയില്ല.
എലമപ്പൊട്ടി, മയില്‍പ്പീലി, കുന്നിക്കുരു, നെയിംസ്ലിപ്പ്, കുഞ്ഞാപ്പുവിന്റെ വീട്ടിലെ സംസാരിക്കുന്ന തത്തമ്മയുടെ തൂവല്‍, കിട്ടുന്നതെല്ലാം അവള്‍ക്കുള്ളതായിരുന്നു. കിട്ടാവുന്നിടത്തോളം റബര്‍ക്കുരു പെറുക്കി വിറ്റു. മൂന്നു രൂപ കിട്ടി. അവള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കാന്‍. സ്ക്കൂള് തുറക്കുന്നതിന്റെ തലേ ദിവസംഇനി വേണ്ടത് അവള്‍ക്കേറ്റം പ്രിയപ്പെട്ട ഞൊട്ടങ്ങ ശേഖരിക്കുകയാണ്. ഹരിദാസന് അമ്മയുടെ വീട്ടില്‍പ്പോയിട്ട് വന്നിട്ടില്ല. ഹുസൈനോട് പറയാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല. ഞൊട്ടങ്ങയില്ലാതെ നാളെ സ്ക്കൂളിലേക്ക് പോകുന്ന കാര്യം; അതോര്‍ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. വള്ളിച്ചാതികളും ഉമ്മയും എന്റെ മനസ്സില്‍ നിന്നും മാഞ്ഞു. ഞൊട്ടങ്ങയും ഉമ്മുക്കുല്‍സുവും മാത്രം നിറഞ്ഞു നിന്നു. ഞാന്‍ ഒറ്റയ്ക്ക് കുട്ടിമല കയറി. കാരമുളളുകളുടെ മര്‍ദ്ദനം ഏറ്റുവാങ്ങി അവയ്ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ഞൊട്ടങ്ങ ഏന്തിയും വലിഞ്ഞും പറിച്ചു. കിട്ടിയത് വെറും നാലെണ്ണം. ശരീരമാകെ നീറുന്നുണ്ട്. കാര്യമാക്കിയില്ല. ഇനിയും വേണം, അന്വേഷിച്ചു പിന്നെയും കുറെ നടന്നു. പെട്ടെന്ന് ആ കാഴ്ച കണ്ട് കിടുങ്ങിപ്പോയി. വലിയ രണ്ടു പാമ്പുകള്‍ വാലില്‍ കുത്തി നിന്ന് എന്തൊക്കെയോ അഭ്യാസങ്ങല്‍ കാണിക്കുന്നു. എനിക്ക് ബോധം പോകുന്നതുപോലെ തോന്നി. സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ തിരിഞ്ഞോടി. പാമ്പുകള്‍ എന്റെ പിറകെ വരുന്നുണ്ടെന്ന തോന്നലായിരുന്നു. പെട്ടെന്നൊരു വേരില്‍ തട്ടി ഞാന്‍ കുത്തി മറിഞ്ഞു വീണു. വീണിടത്ത് കിടന്ന് ഞാന്‍ എന്റെ കീശ പരിശോധിച്ചു. ഞൊട്ടങ്ങയ്ക്ക് കുഴപ്പമൊന്നുമില്ല ദേഹമാകെ ചോരയൊലിപ്പിച്ച് വീട്ടിലേക്ക് കയറി ചെന്ന എന്നെ കണ്ട് ഉമ്മയുടെ നെഞ്ച് കലങ്ങി.
പിറ്റേ ദിവസം നേരം വെളുത്തു. പതിവിലും നേരത്തെ ഞാനെഴുന്നേറ്റു. ഇന്ന് സ്ക്കൂള് തുറക്കും, ഉമ്മുക്കുല്‍സു വരും, അവള്‍ക്ക് കരുതി വച്ചതൊക്കെ ഇന്ന് കൊടുക്കണം. ശരീരമാകെ വേദനിക്കുന്നുണ്ട്. ഇന്ന് സ്ക്കൂളില്‍ പോകണ്ടാന്ന് ഉമ്മ പറഞ്ഞു. എനിക്കൊരു കുഴപ്പവുമില്ലെന്ന് ഞാന്‍ വരുത്തിത്തീര്‍ത്തു. കുളിക്കാന്‍ ഉമ്മ സമ്മതിച്ചില്ല. മുറിവുള്ള ഭാഗങ്ങള്‍ ഒഴിവാക്കി നനച്ചു തോര്‍ത്തി. ചായ കുടിയും കഴിഞ്ഞ് പതിവിലും നേരത്തെ സ്ക്കൂള് ലക്ഷ്യമാക്കി നടന്നു ഉമ്മ ആശ്ചര്യപ്പെട്ടു;
'ഇച്ചെക്കന്തെന്താ പറ്റ്യേത്..'?.
അവള്‍ക്ക് വേണ്ടി കാത്തു വച്ച് സാധനങ്ങളെല്ലാം ഒരു കൂടിനകത്താക്കി നേരത്തെ തന്നെ വഴിയരികിലെ പൊന്തക്കാട്ടില്‍ കൊണ്ടു വച്ചിരുന്നു. ഉമ്മ കാണാതിരിക്കാന്‍. വേദനിക്കുന്ന ശരീരവുമായി വേഗത്തില്‍ വേച്ചു വേച്ച് നടന്നു. വഴിയോരക്കാഴ്ചകളും എന്നു നോക്കി നില്ക്കാറുള്ള കാക്കാത്തോട്ടിലെ മീനുകളും കുറ്റിക്കാടിലൊളികുന്ന കുളക്കോഴികളും പാടത്ത് നെല്മണി കൊത്തിപ്പറക്കുന്ന തത്തകളും ഒറ്റക്കാലില്‍ നിന്ന് ധ്യാനിക്കുന്ന വെള്ളകൊക്കുകളും പതിവായി കയറിയിറങ്ങാറുള്ള നാട്ടുമാവും ഒന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്റെ മനസ്സ് നിറയെ ഉമ്മക്കുല്സുവാണ്.ആ സാധനങ്ങള്‍ കൊടുമ്പോഴുള്ള സന്തോഷിക്കുന്ന അവളുടെ മുഖമാണ്.
സ്ക്കൂളെത്തി; ആരും വന്നിട്ടില്ല. എല്ലാവരും എത്താനുള്ള സമയമാകുന്നതേയുള്ളു. ക്ലാസ്സുകളും ക്ലാസ്സുകളിലെ ബഞ്ചുകളും ഡസ്കുകളും ബോര്‍ഡും വരാന്തയും ഗ്രൗണ്ടും ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്ക്കുന്ന രണ്ട് വയസ്സന് മാമരങ്ങളും എല്ലാം കുട്ടികളെ കാത്തിരിക്കുകയാണ്. അവരോട് കൂടെ വരാന്തയില്‍ ഞാനും കാത്തിരുന്നു; ഉമ്മുക്കുല്‍സുവിനെ. കുട്ടികളോരോന്നും വന്നുതുടങ്ങി. പ്യൂണ്‍ ബാലേട്ടന് വന്നു. മാഷന്മാരും ടീച്ചറുമാരും വന്നു. ക്ലാസിലെ കുട്ടികളെല്ലാം വന്നു. സ്ക്കൂളില്‍ ഫസ്റ്റ് ബെല്ലടിച്ചു. ഉമ്മുക്കുല്‍സു മാത്രം വന്നില്ല. സെക്കന്റ് ബെല്ലടിച്ചു. എന്നിട്ടും അവള് വന്നില്ല. എനിക്ക് കരച്ചില് വന്നു. ഞാന്‍ ക്ലാസ്സില്‍ ബഞ്ചില്‍ കയറിയിരുന്നു. ഉമ്മക്കുല്‍സു വരാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയായിരുന്നു എന്റെ മനസ്സ്. ക്ലാസ്സ് ടിച്ചര്‍ വന്നു. എല്ലാവരും എഴുന്നേറ്റ് നിന്നു. യാന്ത്രികമായി ഞാനും. ടീച്ചര്‍ ഹാജര്‍ വിളിച്ചു. ഞാന്‍ കേട്ടില്ല. ശ്രീജിത്താണ് എഴുന്നേറ്റു നിന്നു പറഞ്ഞത്
'അബ്ദുല്‍ ജലീല്‍. കെ...'
'വന്ന്ട്ട്ണ്ട് ടീച്ചറേ' ടീച്ചര്‍ എന്നെ ശകാരിച്ചു. അതും ഞാന്‍ ശ്രദ്ധിച്ചില്ല.
'ഉമ്മുക്കുല്‍സു കെ.പീ' ടീച്ചര്‍ ഹാജര്‍ വിളിച്ചതാണ്. അതുമാത്രം എന്റെ ചെവിയിലെത്തി. പെട്ടെന്ന് ഞാന്‍ അവളുടെ സീറ്റിലേക്ക് നോക്കി.ആരോ വിളിച്ചു പറഞ്ഞു-
'ബന്ന്ട്ട് ല്ലാ..'
മഴക്കാലമല്ല പാടത്ത് വെള്ളം നിറഞ്ഞിട്ടില്ല പിന്നെന്താ അവള് വരാന്‍ വൈകുന്നത്. എനിക്കറിയില്ല. എന്തായാലും അവള് വരും എന്റെ മനസ്സു മന്ത്രിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്യൂണ്‍ വന്നു പറഞ്ഞു. അസംബ്ലിയുണ്ട് എല്ലാവരും ഗ്രൗണ്ടിലേക്കെത്തണം. ക്ലാസിലെല്ലാവരും വരിവരിയായി നില്ക്കാന് തുടങ്ങി. വരിയിലേക്ക് നില്‍ക്കുന്നതിന് മുമ്പ് ഞാന്‍ ഒന്നു കൂടെ ആ കവര്‍ എടുത്ത് തുറന്നു നോക്കി; വെറുതെ. കുന്നിക്കുരുവും എലമപ്പൊട്ടിയും ഞൊട്ടങ്ങയും. എല്ലാം അവളെ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും വരി നീക്കിത്തുടങ്ങിയിരുന്നു. അന്ന് ഞാന്‍ വരിയുടെ ഏറ്റവും പിറകിലാണ് നിന്നത്.
എല്ലാ ക്ലാസിലേയും കുട്ടികള്‍, എത്തിക്കഴിഞ്ഞപ്പോള്‍ സ്ക്കൂള് ലീഡര്‍ വിളിച്ചു പറഞ്ഞു
'അറ്റന്ഷന്'
എല്ലാവരും നിശബ്ദരായി. ഗ്രൗണ്ടിന്റെ പാറാവു കാരെപ്പോലെ നില്ക്കുന്ന ആ മാമരങ്ങളില്‍ നിന്ന് കിളികളുടെയും കാക്കകളുടെയും ശബ്ദം മാത്രം കേള്‍ക്കാം.
നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഹെഡ്മാഷ് സംസാരിച്ചുതുടങ്ങി
'നമ്മുടെ സ്ക്കൂളില്‍ 'നാലു ബി'യില്‍ പഠിച്ചുകൊണ്ടിരുന്ന ഉമ്മുക്കുല്‍സു എന്ന കുട്ടി വെളുപ്പിന് അഞ്ചു മണിക്ക്........ മരിച്ചു'.
'എല്ലാവരും രണ്ടു മിനിറ്റ് മൗനമായി നിന്ന് പ്രാര്‍ത്ഥിക്കണം'. പ്യൂണ്‍ ഒരു സിംഗിള്‍ ബെല്ലടിച്ചു. എല്ലാവരും തലതാഴ്ത്തി. ഈ വാര്‍ത്ത് കേട്ട് കിളികളും കാക്കളും പോലും മൗനമവലംബിച്ചു. അസംബ്ലിയുടെ ഏറ്റവും പിറകില്‍ നിന്ന്.... നിശബ്ദതയില്‍ നിന്ന്.... ഉച്ചത്തിലുള്ള ഒരു കരച്ചില്. എല്ലാവരും തിരിഞ്ഞു നോക്കി. ഞാന്‍ ബോധം കെട്ട് വീണു.
അന്ന് സ്ക്കൂളിനവധി പ്രഖ്യാപിച്ചു.
അബ്ദുള്‍ ജലീല്‍.കെ.
നിലമ്പൂര്‍

22 comments:
വായിച്ചപ്പോ ഒരുപാട് കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഓര്‍മ്മ വന്നു.
എന്റെയും കുട്ടിക്കാലം ഇങ്ങനെ തന്നെയായിരുന്നു.
നന്ദി ജലീല്‍;ഈ മനോഹരമായ കഥയ്ക്ക് !
nalla kathha.
enikku vaLare ishTamAyi.
veendum pratheekshikkunnu.
:)
Very good story...........gone back to school days...........keep writing
Hi Jaleel,
Beautifully written. Your narration has managed to give me a sense of pain somewhere within me. You have narrated a story known and experienced by all of us during our school days in the most luring and fascinating language. Looking forward to more short stories from you. Keep up the good work.
jaleel etta,
Wat i say? really beautiful.
Way of expressing the situations & feelings is very touching.
Expecting more stories from you.
Keep up the good work.
vayichappol pazhaya kuttikkalavumm, class muriyum kochu nadum ellam ormayil thelinju.. Thikachum madhuramoorunna kadha.
Thank you Raghu...
Thank you Abhijee...
Thank you Shino...
Thank you Sanjeev jee
Thank you Praveen..
Thank you Shajee...
Thanks a lot for your precious comments on my
humble work..
ഈ കഥയില്‍ വിവരിച്ചിരിക്കുന്നത് പോലെ ഉള്ള ഒരു ബാല്യകാലം എനിക്കും ഉണ്ടായിരുന്നു അതുകൊണ്ടാവാം, ഇത് വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നത്.
ജലീല്‍ പറയുന്നത്, ഇത് ഭാവനയില്‍ നിന്ന് വന്ന ഒരു രചന എന്നാണു. പക്ഷെ എന്തു കൊണ്ടോ അത് പൂര്‍ണമായും വിശ്വസിക്കാന്‍ തോന്നുന്നില്ല. അത്രയ്ക്ക് നന്നായിരിക്കുന്നു ആ ശൈലി.
തുടര്‍ന്നും ഇത്തരത്തില്‍ ഉള്ള നല്ല രചനകള്‍ പോസ്റ്റ് ചെയ്യുവാന്‍ എന്റെ സുഹൃത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..........
jaleel nalla katha.....
super......katha..........ummukulsu
Always wished for a childhood like this, but the wish was never granted! Born to a world where my roots were being planted and replanted, this was just a dream! Thank you for this reading experience! Expecting more!
good work ikka! feel fresh and innocent. i have fallen in love with that name.
abhialsh ettan`s illustration is awesome. just wish you produce more work like this. keep going. good luck!
UMMUKULSU VEENDUM VARUM IKKKA,,,,,,,,
Ormayude madithattil ini njanum koodi
""INI ORU JANMAM UNDENKIL"" VEENDUM
""STD 4B""
SIMPLY GRE8.
all u dear cr8ive folks, u can make movies to B released internationally.
regrds,
an animation aspirant
its touching and ...the cover page Illustration of Ummukuthlsu is very realistic.
john
nalla katha
HII DEAR....
I WOULD RATHER NOT SAY ANY THING NOW BCOS I CONNOT ADMIT IT EASILY[UMMUKULSU????????????????/]
വളരെ നല്ല കഥ.. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോവുന്ന വിവരണങ്ങള്‍. വേദനിപ്പിക്കുന്ന "ദി എന്‍ഡ്" ..!
ഉമ്മകുല്‍സു ഒരു വേദനയായി നീറുകയാണ്.
മനോഹരമായ ഒരു കഥ ... അല്ല ജീവിതാനുഭവം പോലെ തോന്നുന്നു.... അവസാന ഭാഗങ്ങളില്‍ എത്തിയപ്പോള്‍ അറിയാതെ മനസ്സ് പറഞ്ഞു അവള് ഈ ലോകത്തുനിന്നു പോയി കാണുമെന്ന്... :(
ആ കുഞ്ഞു മനസ്സ് എങ്ങനെ സഹിച്ചു അവളുടെ വേര്‍പാട്.. ?
I can't read any of this but the illustration of the girl is wonderfull!
മനോഹരമായ ഈ കഥ വായിക്കാന്‍ രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും ഇവിടെ എത്തി...
Post a Comment